മുഹമ്മദ് റാഫി എന്‍ വി
സൂഫിയും സുജാതയും കണ്ടു. കണ്ണുടക്കിയ ഒരു രംഗത്തെ കുറിച്ച് ഓർക്കുകയായിരുന്നു. അതിന് ബഷീറിൻ്റെ ജീവിതത്തിലെ ഒരു സംഭവവുമായുള്ള സാമ്യത്തെ കുറിച്ചും. സൂഫിയും സുജാതയും എന്ന സിനിമയിൽ സുജാത ദേവ്മേനോൻ കാസ്റ്റ് ചെയ്ത സൂഫിയുടെ ഒപ്പം പോകുന്ന ഒരു രംഗം മിസ്റ്റിക് രീതിയിൽ അവതരിപ്പിക്കുന്നു. സുജാതയുടെ അച്ഛൻ (സിദ്ദീഖ് ) നെഞ്ചത്തടിച്ച് തകരുമ്പോൾ സുജാത തിരിച്ച് വന്ന് പിന്നീട് രാജീവിനെ വിവാഹം ചെയ്യുന്നു.
ഇതാണ് രംഗം. ബഷീറിൻ്റെ ജീവിതത്തിലെ പഴയ പ്രണയത്തെ കുറിച്ച് എഴുതിയ ലേഖനത്തിലെ ആ ഭാഗവും പങ്കുവെക്കുന്നു. ഭ്രാന്തു വന്നിട്ട് ബഷീർ മറന്ന് പോയ ചില അനുഭവങ്ങൾ ഇരട്ടി വേദനയോടെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു.അതിനെ സംബന്ധിച്ച് പത്നിയായിരുന്ന ഫാബി ബഷീർ ഇങ്ങിനെ അനുസ്മരിക്കുന്നു.
‘ദേവിയെ കുറിച്ച് ആലോചിക്കുമ്പോൾ ടാറ്റയുടെ കണ്ണ് നിറയും വല്ലാത്ത ഒരു ദുഃഖഭാവമാണ് ആ മുഖത്തപ്പോൾ. അച്ഛന്റെയും അമ്മയുടെയും വാക്ക് കേട്ടതുകൊണ്ടാണ് ആ പെൺകുട്ടിയെ ടാറ്റ കല്യാണം കഴിക്കാതെ പോയത്. ടാറ്റ ദേവിയോട് പറഞ്ഞു.. ‘ ഞാൻ നിന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ടാണ് എന്ന് നിനക്കറിയാമെല്ലോ. ആ രണ്ട് ആത്മാക്കൾ നമുക്ക് പിറകെ എന്നുമുണ്ടാകുമെന്നത് കൊണ്ടാണ്. അത് കൊണ്ട് നമുക്ക് പിരിയാം.[ബഷീറിന്റെ എടിയേ. ഫാബി ബഷീർ / താഹ മാടായി )
1944 -46 കാലത്ത് ബഷീർ തൃശൂർ പൂങ്കുന്നത്തു വാടകവീട്ടിൽ താമസിക്കുന്ന കാലത്ത് ശ്രീദേവിയുമായി കടുത്ത പ്രണയത്തിലായതിന്റെ അനുഭവവിവരണങ്ങളാണ് അനുരാഗത്തിന്റെ ദിനങ്ങൾ എന്ന കൃതിയിലെ പ്രതിപാദ്യം. പ്രണയം തകർന്നതിനെ തുടർന്ന് ബഷീർ മൈസൂരിലേക്കും ശ്രീദേവി സിംഗപ്പൂരിലേക്കും നാട് വിട്ടു. അക്കാലത്ത് എഴുതിയ ഡയറി ആണ് അനുരാഗത്തിന്റെ ദിനങ്ങൾ.
മതത്തിൽ നിന്നും ജാതിയിൽ നിന്നും നാം പുറത്തായേക്കാം എന്നാലും നാം ഒരുമിച്ചു ജീവിക്കും എന്ന തീരുമാനം ആ പ്രണയകാലക്കുറിപ്പുകളിൽ കാണാം. ദേവി ബഷീറിന്റെ കൂടെ ഇറങ്ങി വന്നു. ‘ഒരു മുസൽമാന്റെ കൂടെ ഇറങ്ങിപ്പോയാൽ തങ്ങളുടെ ജഡം നീ കാണേണ്ടി വരും ‘ എന്ന് തന്നെ അച്ഛനമ്മമാർ അറിയിച്ച കാര്യം വഴിമധ്യേ ദേവി പറയുന്നു. ബഷീർ ദേവിയെ അനുനയിപ്പിക്കുന്നു.
‘രണ്ട് ആത്മാക്കൾ നമ്മളെ പിന്തുടരും.അത് വലിയ വേദനയാണ് എന്നായിരുന്നു ബഷീറിന്റെ ഭാഷ്യം. എന്നാൽ സംസാരസ്ഥലത്ത് നിന്ന് പിരിഞ്ഞുപോയ ദേവിയെ പിരിച്ചയക്കാൻ ബഷീറിന്റെ ഹൃദയം കൂട്ടാക്കിയില്ല. ഒരാത്മാവ് ജീവിതാവസാനം വരെ ബഷീറിനെ പിന്തുടർന്നു. മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ട് ഒന്നും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത സൂഫിയുടെ ഹൃദയമാണ് ദേവിയെ തിരിച്ചയച്ചത്.
വേർപാടിന്റെ വേദന ബഷീർ സ്വയം ഏറ്റുവാങ്ങി. പിന്നെയും കാലമൊഴുകി. ശിശിരവും ഹേമന്തവും വസന്തവും മാറിമാറിവന്നു. നിലാവ് പരന്നൊഴുകി. പൂക്കൾ മന്ദഹസിച്ചു. കിളികൾ പഴയതുപോലെ ചിൽ ചിൽ ചിലച്ചു. ഗൃഹസ്ഥാശ്രമത്തിലെ ആന്തരിക സഞ്ചാരങ്ങളിൽ, പ്രണയത്തിന്റെ മുറിവിൽ നിന്ന് ഇടയ്ക്കിടെ ചോര പൊടിഞ്ഞു.