മലയാളത്തിലെ മാസും ക്ലാസും സമം ചേര്‍ന്ന സിനിമകളിൽ എക്കാലത്തും മുൻനിരയിൽ വാഴ്ത്തപ്പെടുന്ന സിനിമയായ ‘സ്ഫടികം’ 4കെ ഡോൾബി അറ്റ്‍മോസ് പകിട്ടോടെയെത്തുന്ന റീറിലീസ് തിയതി പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ സംവിധായകൻ ഭദ്രൻ തന്നെയാണ് സിനിമയുടെ റീറിലീസ് തിയതി പുറത്തുവിട്ടത്. ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ ചിത്രം 150-ൽ പരം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത തീപ്പൊരി സിനിമയായ ‘സ്ഫടികം’ മലയാളസിനിമയിൽ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രവുമാണ്. സിനിമ ഇറങ്ങി 27 വര്‍ഷങ്ങൾക്ക് ശേഷമാണ് സിനിമയുടെ റീറിലീസ് എന്നതും പ്രത്യേകതയാണ്. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസ്സുറ്റ കഥാപാത്രങ്ങളായി 4കെ ദൃശ്യശ്രാവ്യമികവിൽ നമുക്ക് മുന്നിലെത്തുമ്പോൾ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം സിനിമയിലുണ്ടാകുമെന്നാണ് ഭദ്രന്‍റെ ഉറപ്പ്. മാത്രമല്ല സിനിമയിലെ ചില രംഗങ്ങൾ റീ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ള ചില സർപ്രൈസ് എലമെന്‍റുകളും സിനിമയുടെ റീ റിലീസിനെ കൂടുതൽ ആകര്‍ഷകമാക്കുമെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്.
സംവിധായകൻ ഭദ്രന്‍റെ മാസ്റ്റർ ക്ലാസ് സിനിമ കൂടിയായ സ്ഫടികം ഇന്നും കാലാതിവര്‍ത്തിയായി പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെ പ്രേക്ഷക മനസ്സുകളിലുണ്ട്. അസാധ്യമായ കഥാപാത്രസൃഷ്ടിയും അനന്യമായ മേക്കിംഗുമുള്ള ചിത്രം രണ്ടരപതിറ്റാണ്ടിന് ശേഷം കാലഘട്ടത്തിന് ചേർന്ന മാറ്റങ്ങളോടെ 4കെ ക്വാളിറ്റിയിൽ ഡിജിറ്റൽ പതിപ്പായി പുറത്തിറങ്ങുമ്പോൾ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ചിത്രം ആസ്വദിക്കാനാകുന്ന ദൃശ്യവിരുന്നാകും.
1995 മാര്‍ച്ച് 30നായിരുന്നു സ്ഫടികം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇരുനൂറിലേറെ ദിവസങ്ങളാണ് അന്ന് തീയേറ്ററുകളിൽ ചിത്രം ഓടിയത്. 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്‍മോസ് ശബ്‍ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും ചിത്രം അവതരിക്കുമ്പോൾ സിനിമയുടെ മാറ്റ് പതിന്മടങ്ങാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
സിനിമയിൽ പ്രധാനകഥാപാത്രങ്ങാളായെത്തിയ ചാക്കോ മാഷ്(തിലകൻ), പൊന്നമ്മ (കെപിഎസി ലളിത), രാവുണ്ണി മാസ്റ്റര്‍ (നെടുമുടി വേണു), ലൈല(സിൽക്ക് സ്മിത), പാച്ചു പിള്ള( എൻ.എഫ്.വർഗീസ്), ഫാ.ഒറ്റപ്ലാക്കൻ (കരമന ജനാർദനൻ നായർ), കുറുപ്പ്(ബഹദൂര്‍), ജഡ്ജി(ശങ്കരാടി), മണിമല വക്കച്ചൻ(രാജൻ പി.ദേവ്), ജോസഫ് (പറവൂര്‍ ഭരതൻ), എൻ.എൽ ബാലകൃഷ്ണൻ, ക്യാമറ ചലിപ്പിച്ച ജെ.വില്യംസ്, ഗാനങ്ങളെഴുതിയ പി.ഭാസ്കരൻ മാഷ് തുടങ്ങിയവര്‍ ഈ 27 വര്‍ഷത്തിനിടയിൽ ഓര്‍മ്മയായി. ചിത്രം 4കെ ദൃശ്യമികവോടെ വീണ്ടുമെത്തുമ്പോൾ മൺമറഞ്ഞ ഈ അനശ്വര പ്രതിഭകൾക്കുള്ള സമര്‍പ്പണം കൂടിയാകും.
സ്ഫടികം ജോര്‍ജ്ജ്, ഉര്‍വശി, അശോകൻ, ചിപ്പി, മണിയൻപിള്ള രാജു, നിസാര്‍, വി.കെ ശ്രീരാമൻ, ഇന്ദ്രൻസ്, ബിന്ദു വരാപ്പുഴ, കുണ്ടറ ജോണി, ഭീമൻ രഘു, രൂപേഷ് പീതാംബരൻ, ആര്യ അനൂപ്, പിഎൻ സണ്ണി, കനകലത, ചാലി പാല, അജിത് കൊല്ലം തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. ഗുഡ്നൈറ്റ് ഫിലിംസിന്‍റെ ബാനറിൽ ആര്‍ മോഹൻ നിര്‍മ്മിച്ച സിനിമയിൽ രാജേന്ദ്ര ബാബു തിരക്കഥ രചനയിൽ ഭദ്രനോടൊപ്പം പങ്കാളിയായിരുന്നു. ജെ വില്ല്യംസും എസ്. കുമാറും ചേര്‍ന്നായിരുന്നു ഛായാഗ്രഹണം. എഡിറ്റര്‍ എംഎസ് മണി, സംഗീതം എസ്.പി വെങ്കടേഷ്, വിതരണം മനോരാജ്യം റിലീസ്.
ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സിനിമയുടെ റീറിലീസ്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ എസ് ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് പാടുന്നുമുണ്ട്. പിന്നീട് ദൃശ്യങ്ങൾ കൂടുതൽ മിഴിവേകിയും ശബ്‍ദത്തിനു പുതിയ സാങ്കേതിക വിദയയുടെ സഹായത്തോടെ അപ്ഡേഷനും നടത്തിയും ഫൈനൽ മിക്സിംഗ് നടത്തിയിട്ടുമുണ്ട്. സിനിമയുടെ റീ റിലീസിന് ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ ചെലവ് വന്നതായാണ് കണക്ക്.
കൊച്ചിയിൽ ട്രീബ്യൂട്ട് റോയൽ ഹോട്ടലിൽ നടന്ന പ്രസ് മീറ്റിൽ ഭദ്രൻ മാട്ടേൽ (സംവിധായകൻ, മാനേജിംഗ് പാര്‍ട്നര്‍ ജിയോമെട്രിക്സ് ഫിലിം ഹൗസ്), പാര്‍ട്നേഴ്സ് – വട്ടകുന്നേൽ ജോസഫ് ജോര്‍ജ്ജ്, ഷാജി മാത്യു (പാലത്തറ കൺസ്ട്രക്ഷൻസ്), പീയൂസ് മാത്യു (സണ്ണി) ക്ലാസിക് ലാംപ്സ്, ടോമി തോമസ് (ആര്‍ക്കേഡിയ ഗ്രൂപ്പ്), ലിയോ അൽഫോൻസ് (ഇൻവെൻടിവ് ഹബ്), റോയ് വര്‍ഗീസ്, സനൽകുമാര്‍ അന്നൂര്‍ കിഴക്കേവീട്ടിൽ, മോനി വര്‍ഗ്ഗീസ് അതുകുഴി, ബിജോയ് ജേക്കബ് തോമസ് (ആൽകോ അലുമിനിയം), ഡോ.സുനിൽ ആന്‍റണി (ഐനിക്കൽ ), അഡ്വ.അജി ജോസ് (റുബിഗ്സ് മൂവീസ്), ബാലനന്ദൻ നായര്‍ (അനി )എസ്എംകെ റിലീസ് എന്നിവർ പങ്കെടുത്തു. പി ആർ ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: സ്നേക്ക് പ്ലാന്‍റ്.