‘സൂരരൈ പോട്ര്’ നായകന്റെ പ്രതിരൂപമല്ല, ഗോപിനാഥ്
ജേക്കബ് കെ ഫിലിപ്പ്
തുടങ്ങിവച്ച ഉദ്യമങ്ങൾ ഏറെക്കുറെ എല്ലാം കുളമാക്കിയ, കഴിവുകെട്ട ഒരു സംരംഭകൻ. അതാണ്, ഇന്ത്യയിൽ ചെലവുകുറഞ്ഞ വിമാനക്കമ്പനികൾക്ക് തുടക്കമിട്ട റിട്ട. ആർമി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്.
അല്ലാതെ, നെടുമാരൻ രാജാംഗം എന്ന ‘സൂരരൈ പോട്ര്’ നായകന്റെ പ്രതിരൂപമല്ല, ഗോപിനാഥ്.’സൂരരൈ പോട്ര്’ ഞാൻ കണ്ടില്ല.ഫേസ്ബുക്കിലും ഓൺലൈൻ സൈറ്റുകളിലുമായി ഏറെ ആസ്വാദനക്കുറിപ്പുകളും റിവ്യുകളും വായിച്ചു.
2004 ൽ, വിമാനക്കമ്പനി തുടങ്ങിയതിന്റെ പിറ്റേക്കൊല്ലം ക്യാപ്റ്റൻ ജിആർ ഗോപിനാഥിനെ നേരിൽ കണ്ടിട്ടുണ്ട്, ലോ-കോസ്റ്റ് എയർലൈനുകളെപ്പറ്റി പൊതുവായും, എയർ ഡക്കാനെപ്പറ്റ് പ്രത്യേകിച്ചും അദ്ദേഹവുമായി വിശദമായ അഭിമുഖം നടത്തിയിട്ടുണ്ട്. എയർഡക്കാന്റെ അന്നത്തെ സാമ്പത്തിക വിഭാഗം മേധാവിയോട് അതിലും വിശദമായി സംസാരിച്ചിട്ടുണ്ട്.
എയർഡക്കാൻ തുടങ്ങുമ്പോളും പിന്നെ ഇന്നുവരെയും ഇന്ത്യൻ ഏവിയേഷനിലെ പ്രധാന ചലനങ്ങളെല്ലാം വിടാതെ പിന്തുടർന്നിട്ടുമുണ്ട്.അത്രയും വച്ച് ഇക്കാര്യം പറയാതിരിക്കാൻ വയ്യ- സൂരരൈ പോട്ര് നായകനല്ല, നാലു സംരംഭങ്ങൾ ആരംഭിക്കുകയും (അതില് മൂന്നെണ്ണം തുടങ്ങിയത് രാജ്യമൊട്ടുക്കും ചെണ്ടകൊട്ടി അറിയിച്ചിട്ട്) നാലും പരാജയത്തിൽ കൊണ്ടെത്തിക്കുകയും ചെയ്ത, സുഹൃത്തുക്കൾ ഗോപി എന്നു വിളിക്കുന്ന, ഗോപിനാഥ്.
ജിആർ ഗോപിനാഥിനെ കൂടുതൽ വിശദീകരിക്കാൻ ഇത്രയും കൂടി പറയാം:1. കപ്പൽ മുങ്ങുമെന്നു കണ്ടാൽ സ്വന്തം തടി രക്ഷപ്പെടുത്താൻ അസാമാന്യമായ, നൈസർഗികമായ പാടവമുള്ള കപ്പിത്താൻ.2. തുടങ്ങാനിരിക്കുന്ന സംരംഭം വിജയിക്കുമെന്നും വൻസംഭവമാക്കാമെന്നും കൂടെ നിൽക്കുന്നവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിവുള്ളയാൾ3. ചെയ്യുന്ന ഒരു ബിസിനസിന്റെയും സൂക്ഷ്മമായ വിശദാംശങ്ങൾ മനസിലാക്കാൻ ഒരിക്കലും മെനക്കെടാതിരിക്കുകയും എന്നാൽ എല്ലാം അറിയാമെന്ന് സ്വയം വിശ്വസിപ്പിക്കുകയും ചെയ്യുന്നയാൾ.
സൂരരൈ പോട്ര് ഒരു ബയോപിക് ആണെന്ന് ലോകം മുഴുവൻ പറഞ്ഞാലും വിശ്വസിക്കരുത്. ഗോപിനാഥിന്റെ സിംപ്ലിഫ്‌ളൈ എന്ന പുസ്തകം (ഞാൻ അതും വായിച്ചിട്ടില്ല) അതേപോലെ സിനിമയാക്കിയതാണ് എങ്കിൽ ആ പുസ്തകവും ഒരു പെരുംനുണയാണ്.വിജയിക്കാൻ നല്ല സാധ്യതയുള്ള, തൽക്കാലം എതിരാളികൾ് ആരുമില്ലാത്ത, നല്ലൊരു ബിസിനസ് സംരംഭം – ഇതിൽക്കൂടുതൽ, ഒരു കാഴചപ്പാടും നിലപാടും ചെലവുകുറഞ്ഞ വിമാനക്കമ്പനികളെപ്പറ്റി ഗോപിനാഥിന് 2003 ൽ ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല.
അതേപോലെ ഗോപിനാഥിന്റെ കഥയിലെ വില്ലനല്ല വിജയ് മല്യ.മറിച്ച്, ഇന്ത്യയിലെ എക്കാലത്തെയും മികച്ച വിമാനക്കമ്പനികളിലൊന്നായിരുന്ന കിങ് ഫിഷറിന്റെ തകർച്ചയുടെ പല കാരണങ്ങളിലൊന്ന് ഗോപിനാഥിന്റെ എയർ ഡക്കാനുമാണ്.
ഗോപിനാഥ് തുടങ്ങിവച്ച സംരംഭങ്ങളും അവ ഓരോന്നും പൊളിഞ്ഞതും വിശദമായി എഴുതേണ്ടിയ കാര്യമാണ്. പിന്നീട് എന്തായാലും എഴുതാം.അതിനു മുമ്പ്, ഒരു കാര്യം മാത്രം പറയാം.ഏറെ ത്യാഗങ്ങൾ സഹിച്ച്, സാധാരണ ജനങ്ങളെ പറത്താൻ ജീവിതം ഉഴിഞ്ഞുവച്ച സിനിമയിലെ നായകന്റെ പ്രതിബിംബം എന്ന് ഇപ്പോൾ പറയുന്ന ഗോപിനാഥ് 2009 ൽ, അതായത് എയർ ഡക്കാൻ ഇല്ലാതായി രണ്ടു കൊല്ലം കഴിയുമ്പോൾ, ബാംഗ്ലൂർ സൗത്തിൽ നിന്ന് ലോക്‌സഭയിലേക്ക് സ്വതന്ത്രനായി മൽസരിക്കുമ്പോൾ കൊടുത്ത സത്യവാങ്മൂലം അനുസരിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമായ സമ്പാദ്യം 64 കോടി രൂപയിലേറെയായിരുന്നു.
ആർമിയിൽ നിന്ന് വിരമിച്ചു വന്ന് ആരംഭിച്ച പട്ടുനൂൽപ്പുഴു വളർത്തൽ വ്യവസായം പൊളിഞ്ഞതിനു ശേഷം 2003 ൽ എയർ ഡക്കാൻ ആരംഭിക്കുമ്പോൾ കയ്യിലെന്തുണ്ടായിരുന്നു എന്ന് പറയുന്നുണ്ടോ അദ്ദേഹം ആ ജീവചരിത്രത്തിൽ?.
(ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്)
# സൂരരൈ പോട്ര്
- Design