മോനു വി സുദര്‍ശന്‍
“നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ.. “തന്റെ ഏറ്റവും പ്രിയ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസ് ആണെന്ന് ഗീതു മോഹൻദാസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു…
ആ പ്രതീക്ഷയിൽ ചിത്രം കണ്ട പപ്പയുടെ നല്ല അഭിപ്രായം കേട്ട് ഒരു വർഷം മുൻപ് കണ്ട രാജീവ് ചിത്രം.. ഞാൻ സ്റ്റീവ് ലോപ്പസ്.. എന്റെ അഭിപ്രായത്തിൽ രാജീവ് രവിയുടെ പ്രതിഭ എന്താണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ഒരു സിനിമാനുഭവം.. അതാണ് ഈ ചിത്രം.. ജീവിതത്തോട് യാതൊരു സീരിയസ് മെന്റാലിറ്റിയും ഇല്ലാത്ത.. ഫേസ്ബുക്കിലും വാട്സാപ്പിലും സമയം ചിലവഴിക്കുന്ന, അയലത്തെ വീട്ടിലേക്ക് ഒളിഞ്ഞു നോക്കുന്ന, കാമുകിയുള്ള സ്റ്റീവ്….
ഞാന്‍ സ്റ്റീവ് ലോപ്പസ് ഒരു പ്രതിനിധിയാണ്
അയാളെ അയാളുടെ ചുറ്റും എക്സിസ്റ്റ് ചെയ്യുന്ന സിസ്റ്റം എങ്ങനെ മാറ്റുന്നു എന്നത് ചിത്രം അതി ഗംഭീരം ആയി ചർച്ച ചെയ്യുന്നു.. സ്റ്റീവ് ഒരു പ്രതിനിധി ആണ്.. ഇന്നത്തെ യുവത്വത്തിന്റെ , കറുത്ത യാഥാർഥ്യങ്ങൾക് മുന്നിൽ പകച്ചുപോകുന്ന സാധാരണക്കാരുടെ.. .. ഒരു വധശ്രമം കണ്മുന്നിൽ കാണുന്ന സ്റ്റീവിന്റെ പതർച്ച ഒരുവേള ഭയത്തിലേക്കും പിന്നീട് നിസ്സഹായതയിലേക്കും നിർവികാരത്തിയിലേക്കും മാറുന്നുണ്ട്..
അല്ലെങ്കിൽ മാറ്റുന്നുണ്ട് അയാളുടെ സമൂഹം.. വെറുക്കപെട്ടവർ എന്നും പുണ്യാളന്മാർ എന്നും ആളുകളെ തരം തിരിച്ചു പഠിപ്പിച്ച സമൂഹത്തിനു നേരെ വിമർശനത്തിന്റെ കൊലക്കത്തി വീശിയാണ് രാജീവ് രവി കഥ പറഞ്ഞവസാനിപ്പിക്കുന്നത്.. കണ്ട യാഥാർത്ഥ്യത്തിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോൾ അയാളെ എതിരേൽക്കുന്നത് വിശ്വസിക്കാൻ പ്രയാസമുള്ള ഷോക്കുകൾ ആണ്..
നഷ്ടപെട്ട തന്റെ സ്വസ്ഥജീവിതം തിരികെ പിടിക്കാനുള്ള അയാളുടെ ശ്രമങ്ങൾ കൊണ്ടെത്തിക്കുന്നത് നിലതെറ്റുന്ന കറുപ്പിന്റെ, ചോരയുടെ ചതുപ്പുകളിലേക്ക്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാൾ തൊടുക്കുമ്പോൾ കുത്തിനു പിടിച്ചു അടക്കിനിർത്തുന്നു ഇവിടുത്തെ രാജാക്കന്മാർ.. പലപ്പോഴും തുടങ്ങിയ ഉടനെ ഇല്ലാതാവുന്ന പ്രതിഷേധ സ്വരങ്ങൾ ഇങ്ങനെയാവാം അവസാനിച്ചിട്ടുണ്ടാവുക…
ക്ലൈമാക്സ് നൽകിയ വേദന വളരെ വലുതാണ്.. ഇന്നിന്റെ നേർകാഴ്ച വരച്ചിടുന്നുണ്ട് സംവിധായകൻ ആ അവസാന ഷോട്ടിൽ.. സ്റ്റീവിന്റെ മുഖം ഇപ്പോഴും ഉള്ളിൽ ഉണ്ട്.. ഒടുക്കം നിഷ്ക്കളങ്കതയൂറുന്ന അവന്റെ ബാല്യകാല ചിത്രങ്ങൾ ഉള്ള് നീറ്റുന്ന ഒരു ഗാനത്തോടെ അവതരിപ്പിക്കപെടുമ്പോൾ ചിത്രത്തിന്റെ ടാഗ്‌ലൈൻ അന്വര്ഥമാവുന്നു.. “നിഷ്കളങ്കതയെപ്പറ്റിയുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ.. “
ഫർഹാന്റെ നല്ല പ്രകടനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.. രാജീവ് രവിയുടെയും ഗീതുവിന്റെയും സന്തോഷിന്റേയും എഴുത്തും മികച്ചുനിന്നു.. ഒരിക്കലും സിനിമാപ്രേമി ഒഴിവാക്കരുതാത്ത അനുഭവം..