ലോക്ക് ഡൌൺ കാലത്തു ഒന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ട് കാണാതെ പോയ നൂറിലധികം സിനിമകൾ കണ്ടു. മലയാള സിനിമക്ക് പ്രത്യേകിച്ച് മാറ്റം ഒന്നും വന്നിട്ടില്ല എന്നു മനസിലായി. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കുന്നു. അത്രന്നെ.. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ ഉള്ള സിനിമകളെ പ്രേക്ഷകരും ഫാൻസും കൊണ്ടാടുന്നു.
അത് കൊണ്ട് വിജയ സിനിമകളെ കുറിച്ച് ഒന്നും പറയാനില്ല. കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചില സിനിമകൾ കണ്ടു. അതിലൊന്ന് മുന്തിരി മൊഞ്ചൻ എന്ന സിനിമയാണ്. ഒരു ടിക്ക് ടോക് സ്റ്റാറിന്റെ വീഡിയോ ആണ് സത്യം പറഞ്ഞാൽ ആ പടം കാണാൻ എന്നേ പ്രേരിപ്പിച്ചത്. നമ്മൾ ശ്രദ്ധിക്കാതെ പോയ രണ്ടു സിനിമകൾ മുന്തിരി മൊഞ്ചൻ, ഗൗതമിന്റെ രഥം എന്നായിരുന്നു ആ വീഡിയോയുടെ ഉള്ളടക്കം.
അങ്ങിനെ ഗൗതമിന്റെ രഥം കണ്ടു. പിന്നീടാണ് മുന്തിരി മൊഞ്ചൻ കാണുന്നത്. മുന്തിരി മൊഞ്ചന്റെ കാസ്റ് നോക്കിയപ്പോൾ വലിയ താരങ്ങളൊന്നുമില്ല സലിം കുമാർ ഇന്നസെന്റ് ഇർഷാദ് ദേവൻ സലീമ തുടങ്ങിയ പേരുകൾ കണ്ടപ്പോ ഒന്ന് കണ്ടേക്കാം എന്നു തീരുമാനിച്ചു. പൊട്ടകിണറ്റിലെ തവളയായി വന്ന സലിം കുമാർ പ്രണയത്തെ കുറിച്ചും ഒരു വികാരത്തിന് അപ്പുറം ഓക്സിടോസിന് ഹോർമോണിന്റെ വ്യതിയാനങ്ങൾ പ്രണയത്തിന്റെ ആക്കം കൂട്ടുകയും കുറക്കുകയും ചെയ്യുമെന്ന് പറയുന്നു.
ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടിക്ക് ഒരു കഥ പറഞ്ഞു കൊടുക്കുന്നു. കഥയിലെ നായകനും നായികയും പൊട്ടി വീഴുന്നു. പിന്നെ അങ്ങോട്ട് നമുക്ക് സ്ഥിര പരിചിതമല്ലാത്ത ചില മേഖലയിൽ കൂടി സഞ്ചരിക്കുന്നു. സിനിമ പരസ്യങ്ങളുമായി നായകനും ലെൻഡിങ് ലൈബ്രറിയുമായി നായികയും ഇത്തിരി ബോറടിപ്പിച്ചു എന്നു വേണം പറയാൻ.
വാട്ടർ പ്യൂരിഫെറുമായി വന്ന നിയാസ് ബക്കർ ബീഫ് കറിക്കു മൃഗ കറി എന്ന പേര് പറഞ്ഞും വയറിനകത്തു കുടിയൊഴിപ്പിക്കൽ പ്രശ്നം എന്നൊക്കെ പറഞ്ഞും ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു മുൻപോട്ടു പോകുന്നുണ്ടെങ്കിലും നായക നടൻ പഴയകാല മോഹൻലാൽ മുകേഷ് തുടങ്ങിയവരുടെ അഭിനയം കോപ്പി അടിച്ചു കയ്യടി നേടാൻ ശ്രമിച്ചു പരാജയപെട്ടു പോയതായാണ് എനിക്ക് തോന്നിയത്. നായികയും എടുത്താൽ പൊങ്ങാത്ത ഒരു കല്ല് എടുക്കാൻ ശ്രമിക്കുന്നതായും തോന്നി.
അതിനെ മറികടക്കാൻ പുട്ടിനു പീര പോലെ മറ്റുള്ള താരങ്ങളെ സംവിധായകൻ വിദഗ്ധമായി ഉപയോഗിച്ചു എന്നു വേണം പറയാൻ. എങ്കിലും ഒരു പ്രേമകഥക്കു അപ്പുറത്ത് ഇവർ മറ്റെന്തോ പറയാൻ ശ്രമിക്കുന്നു എന്ന ചില സൂചനകളാണ് പടം മുഴുവൻ കാണാം എന്നു തീരുമാനിച്ചത്. എന്റെ ഊഹം തെറ്റിയില്ല ആദ്യ പകുതി വരെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ പോയെങ്കിലും രണ്ടാം പകുതിയിൽ അണിയറക്കാർക്കു എന്തൊക്കെയോ പറയാനുണ്ട് എന്നു മനസിലായി.
പ്രേമം ആണല്ലോ എളുപ്പത്തിൽ വിറ്റഴിക്കാൻ പറ്റുന്ന ഒരു വികാരം. അതുകൊണ്ട് തന്നെയാവും പ്രേമത്തിലൂടെ ഒരു പരിസ്ഥിതി പ്രശ്നത്തെ വലിയ ഡീറ്റൈലിംഗ് ഇല്ലാതെ തിരക്കഥാ കൃത്തു പറയാൻ ശ്രമിച്ചത്. അതിനു ഒരു കയ്യടി കൊടുക്കാം. കാരണം എഴുത്തിൽ ഒരു രാഷ്ട്രീയ ബോധം നിഴലിക്കുന്നുണ്ട്. എന്നാലോ അത് വല്ലാതെ മുഴച്ചു നില്കാതിരിക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അതിനായി ആരണ്യകം ജോഡി ആയ ദേവനെയും സലീമയെയും ബുദ്ധി പൂർവ്വം ഉപയോഗിച്ചു എന്നു വേണം പറയാൻ.
സിനിമയിൽ നെഗറ്റീവ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്‌ത രീതിയും എടുത്തു പറയേണ്ടതാണ്. ആരണ്യകത്തിൽ ദേവൻ സലീമയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് . എനിക്ക് എല്ലാം ഉണ്ട്.. എനിക്ക് മാത്രം പോരല്ലോ….എന്നു. അതിന്റെ തുടർച്ച എന്നോണം ജീവിച്ചിരിക്കുകയും ഇനി പിറക്കാനിരിക്കുകയും ചെയ്യുന്ന ഒരു പാട് കുഞ്ഞുങ്ങൾക്കു വേണ്ടി സമരം ചെയ്തു രക്തസാക്ഷി ആവുന്ന ഒരു പോസിറ്റീവ് വില്ലൻ കഥാപാത്രത്തെയും സംവിധായകൻ സൂക്ഷ്മമായി ഉപയോഗിച്ചിരിക്കുന്നു.
സൈജു ശ്രീധരന്‍ എന്ന എഡിറ്റര്‍ മലയാളിക്ക് അപരിചിതനോ?
ഒരു പുതിയ നടൻ അത്യാവശ്യം ഭംഗിയായി ആ വേഷം ചെയ്തിട്ടുമുണ്ട്. അവസാന ഭാഗത്തു തല്ലു കൊണ്ട് തോറ്റു പോകുന്ന നായകനെ അവതരിപ്പിക്കാനും തല്ലി ജയിക്കുന്നവൻ മാത്രമല്ല നായകൻ എന്നും പറഞ്ഞു വക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ ഞാൻ ഒരു അന്തസ്സുള്ള ഈഴവനാണെന്നു വിളിച്ചു പറയുന്ന നായകൻ. സൊസൈറ്റി ബയാസ്ഡ് ആണെന്ന് വിളിച്ചു പറയുന്ന കള്ളൻ. പ്രണയത്തിൽ സത്യമുണ്ടെങ്കിൽ അത് തിരിച്ചു കിട്ടും എന്നു പ്രതീക്ഷ നൽകുന്ന ഒട്ടേറെ കാര്യങ്ങൾ പറയാൻ ശ്രമിച്ച ഒരു സിനിമയാണ് മുന്തിരി മൊഞ്ചൻ.
താര മൂല്യമുള്ള ഒരു നടൻ നായകനായി ഈ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടേനെ എന്നാണ് എന്റെ ഒരു അഭിപ്രായം. ഒരുപാടു പരിമിതികൾ സിനിമയിൽ കാണാൻ ഉണ്ടെങ്കിലും ഒരു നന്മയുള്ള സിനിമ എന്ന നിലയിൽ പോരായ്മകളെ മറികടക്കുന്നുണ്ട്. ആമസോൺ പ്രിമൈൽ സിനിമ കിടപ്പുണ്ട്. ഒന്ന് കാണുന്നതിൽ തെറ്റില്ല. ഒരു സിനിമ പ്രേമി.