പണ്ഡിറ്റ് ഐ കൃഷ്ണകുമാറിനെ ആദരിച്ചു കൊണ്ട് മൊയ്ഡര്‍ സിനിമയ്ക്ക് വേറിട്ട തുടക്കം
പതിവ് ശൈലിയിൽ നിന്നും മാറി വളരെ വ്യത്യസ്തമായി “മൊയ്ഡർ ” എന്ന സിനിമയുടെ പൂജാ കർമ്മം മാതൃകപരമായി നിർവ്വഹിച്ച് ചലച്ചിത്ര രംഗത്ത് പുതിയൊരു തുടക്കം.
എറണാകുളം ഗേറ്റ് വേ ഹോട്ടലിൽ നടന്ന “മൊയ്ഡർ ” എന്ന സിനിമയുടെ പൂജ, ലോഗോ ലോഞ്ച് ചടങ്ങിൽ വെച്ച് അറുനൂറോളം സിനിമകൾക്ക് സിത്താറിന്റെ ഈണം പകർന്ന പണ്ഡിറ്റ് ഐ കൃഷ്ണകുമാർ ജി എന്ന അതുല്യ കലാകാരനെ ആദരിച്ചു കൊണ്ടായിരുന്നു സിനിമയുടെ തുടക്കം.
അതിലൂടെ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടും അറിയപെടാതെ പോകുന്ന കലാകാരന്മാരെ ആദരിക്കുക എന്ന പുതിയ കാഴ്ചപ്പാടിന് തുടക്കം കുറിച്ചിരിക്കുകയാണ്.
രാജസേനൻ,നഞ്ചിയമ്മ,എ കെ പുതുശ്ശേരി, സലാം ബാപ്പു,ശിവജി ഗുരുവായൂർ,എം എൻ ബാദുഷ, അഷ്റഫ് പണ്ടാരതൊടി തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
ഐ മൂവീ മേക്കേഴ്സിന്റെ ബാനറിൽ വി ഡി മണിക്കുട്ടൻ നിർമ്മിച്ച് നവാഗതനായ എസ്പിഎസ് നെന്മാറ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “മൊയ്ഡർ”.
വളരെ ഏറെ കാലിക പ്രസക്തിയുള്ള സിനിമയാണ് “മൊയ്ഡർ”. നമ്മുടെ സമൂഹത്തിൽ നമ്മളാരുമറിയാതെ കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ ആസ്പദമാക്കിയുള്ള ബോധവൽക്കരണത്തിന് വേണ്ടിയുള്ള (ചൈൽഡ് എബ്യൂസിന് എതിരെയുള്ള ) ചിത്രമാണിത്.
കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ഈ ബോധവൽക്കരണ ചിത്രത്തിൽ കുട്ടിയായി അഭിനയിക്കുന്ന പുതുമുഖതാരം ഷിഫാനിയെ കൂടാതെ ബെന്ന ജോൺ, കാർത്തിക,മിഥിലാജ്, അഞ്ജലി എന്നീ പുതുമുഖങ്ങളും ഒപ്പം തങ്കച്ചൻ വിതുര, ബാലചന്ദ്രൻ ചുള്ളിക്കാട്, ശിവജി ഗുരുവായൂർ, സലാം ബാപ്പു, സന്തോഷ് കീഴാറ്റൂർ കലാഭവൻ ഹനീഫ് തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളം,ഹിന്ദി,കന്നഡ, തെലുങ്ക്,തമിഴ്,ബംഗാളി, മറാത്തി,ഭോജ്പുരി, ഗുജറാത്തി,പഞ്ചാബി,ഒഡിയ,അസ്സാമി, രാജസ്ഥാനി,മണിപുരി നാഗ്പുരി തുടങ്ങി ഇന്ത്യയിലെ പതിനഞ്ച് ഭാഷകളിലും കൂടാതെ മറ്റു വിദേശ ഭാഷകളിലേക്കും കേരളത്തിൽ നിന്നും ഡബ് ചെയ്തു റിലീസ് ചെയ്യുന്ന സിനിമ എന്ന പ്രതേകതയും മൊയ്ഡറിനുണ്ട്. അതിലൂടെ സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ സിനിമയുടെ വിപണന സാധ്യത ഉയർത്തുക എന്ന ലക്‌ഷ്യത്തിലൂടെ ഇറക്കുന്ന ഒരു ചിത്രം കൂടിയാണ് “മൊയ്ഡർ”.
വിപിൻ ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.അജിത കൃഷ്ണ കുമാർ എഴുതിയ വരികൾക്ക് പണ്ഡിറ്റ് ഐ കൃഷ്ണ കുമാർ സംഗീതം പകരുന്നു.പി ആർ ഒ-എ എസ് ദിനേശ്.