ഛക് ദേ ഇന്ത്യ: സിനിമയ്ക്ക് പ്രചോദനമായ വനിത ഹോക്കി ക്യാപ്റ്റന്‍ ഗാര്‍ഹിക പീഡനം
മുന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റനായ വൈഖോം സുരജ് ലതാ ദേവി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന കേസ് നല്കി. 2005-ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് അവര്‍ ഇംഫാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയാണ് പീഡനം.
2002-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, 2003-ല്‍ ആഫ്രോ-ഏഷ്യന്‍ ഗെയിംസ്, 2004-ല്‍ ഹോക്കി ഏഷ്യാ കപ്പ് എന്നിവ ലതാ ദേവിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നേടിയിരുന്നു. ഇതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് കിരീട നേട്ടം ബോളിവുഡ് സിനിമയായ ഛക് ദേ ഇന്ത്യയ്ക്ക് പ്രചോദമായി.
വിവാഹ ശേഷം ഈ മെഡലുകളും ഫോട്ടോകളും വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഭര്‍ത്താവ് ശാന്താ സിംഗ് പരിഹസിച്ചു. ഇവ കൊണ്ട് എന്ത് ഉപയോഗമാണ് ഉണ്ടാകുകയെന്ന് ചോദിച്ചുവെന്ന് അവര്‍ പറഞ്ഞു.
വഴിവിട്ട പെരുമാറ്റം കൊണ്ടാണ് താന്‍ അര്‍ജുന അവാര്‍ഡ് നേടിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു.
ഭര്‍ത്താവിന്റെ സ്വഭാവം മാറുമെന്ന് പ്രതീക്ഷിച്ചാണ് ഇത്രയും നാള് സഹിച്ചത്. പക്ഷേ, ക്ഷമയ്ക്കും സഹനത്തിനും പരിധിയുണ്ടെന്ന് അവര്‍ പ്രതികരിച്ചു.
ദമ്പതികള്‍ക്ക് രണ്ട് മകളുണ്ട്. 2019 നവംബറില്‍ പഞ്ചാബിലെ കപൂര്‍ത്തലയില്‍ നടന്ന ഒരു ടൂര്‍ണമെന്റിനിടെ ഭര്‍ത്താവ് വന്ന് അപമാനിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്കാന് തീരുമാനിച്ചത്.
ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം സുല്‍ത്താന്‍പൂര്‍ പൊലീസ് ശാന്താ സിംഗിനെതിരെ കേസെടുത്തു.
വാര്‍ത്തയ്ക്ക് കടപ്പാട്: ഷീന്യൂസ്.കോ.ഇന്‍