പരട്ട മെയില്‍ ഈഗോ വാശി; പിന്നെ എല്ലാം ഗോംപ്രമൈസ്
എം ജെ ശ്രീചിത്രന്
അയ്യപ്പനും കോശിയും കണ്ടായിരുന്നു. രണ്ടു പേരും വാശിക്കാരാണ്. വാശിയെന്നുവെച്ചാൽ വാശിക്കു മീശ വെക്കണം എന്നാണല്ലോ. അങ്ങനെ മീശ വെച്ച രണ്ട് ആണുങ്ങളുടെ വാശി. പരട്ട മെയിൽ ഈഗോ വാശി. മൂന്നു മണിക്കൂറിലധികം നീളുന്ന വാശി. ആണത്താഘോഷത്തിൻ്റെ ആറാട്ടുപൂരം.
അതിനിടയിൽ ഒരു വാശിക്കാരൻ്റെ ഭാര്യ ആദിവാസിയാണ്. അപ്പോൾപ്പിന്നെ മാവോയിസ്റ്റാവണമെന്നൊരു വാശി വേറെയുണ്ടല്ലോ. പൊടിക്ക് പൊളിറ്റിക്കൽ കറക്റ്റ്നസ് ചേർത്ത് ആകെ ഇളക്കിയിട്ടുണ്ട്. എന്നാലും പാട്രിയാർക്കിയുടെ വാശിക്കു മീശ പറിക്കാനുള്ള അളവിലൊന്നുമില്ല.
ഭാര്യയുടെ ആട്ടു കേട്ട് തോലുരിഞ്ഞു നിൽക്കുന്ന കോശിയോട് അയ്യപ്പൻ ” അവളുടെ പകുതിക്കില്ല നീ, പിന്നെയാ എന്നോട്” എന്നാണ്. കോശിയാണെങ്കിൽ കോശിയേക്കാളും പരട്ടയായ കോശീടപ്പനോടുളള കലിപ്പ് തീർക്കുന്നത് ഭാര്യയുടെ മോന്തക്കിട്ടു തേമ്പിയിട്ടാണ്. ഭർത്താവിൻ്റെ തേമ്പലായതു കൊണ്ട് ആ കുലസ്ത്രീ ആനന്ദാശ്രു പൊഴിക്കുന്നൊക്കെയുണ്ട്. അങ്ങനെ വാശിക്കാരായ കോശിയും അയ്യപ്പനും അവസാനം പൊരിഞ്ഞ അടി. പിന്നെ എല്ലാം ഗോംപ്രമൈസ്.
എന്തോ ഉദാത്തമായ രാഷ്ട്രീയം ഈ പടത്തിൽ അന്തർനിഹിതമാണെന്നാണ് മീഡിയം അറിയുന്നവർ പറയുന്നത്. കാണുമായിരിക്കും. നമുക്കെന്തറിയാം.
അട്ടപ്പാടിയിലെ കുട്ടിക്കാലം മുതൽ കേട്ട ഈണവഴക്കങ്ങൾ സിനിമയിൽ കേട്ടതിൽ സന്തോഷം. വേറൊന്നും എനിക്ക് തിരിഞ്ഞില്ല.
(എം ജെ ശ്രീചിത്രന് ഫേസ് ബുക്കില്‍ കുറിച്ചത്)