റിയല്‍ ഫാമിലി റിയാലിറ്റി ഷോ; ഓസ്ട്രേലിയയിൽ തുടക്കം
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ഏറെ സവിശേഷതകളോടെ ‘റിയല്‍ ഫാമിലി’ റിയാലിറ്റി ഷോ എത്തുന്നു.
നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ.മാത്യുവിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയയില്‍ ഫാമിലി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ സാഹിത്യ-പത്ര-ദ്യശ്യ-നിയമ- ചലച്ചിത്ര-സംഗീത – നാടക-നൃത്ത രംഗത്തെ പ്രശസ്തരുടെയും പൊതു ജീവിതത്തിലെ സമുന്നതരുടെയും സഹകരണത്തോടെ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് മലയാളികളുടെ തനതായ മൂല്യ ബോധവും സാംസ്‌കാരിക പെരുമയും പ്രതിഫലിപ്പിച്ചാണ് ‘റിയല്‍ ഫാമിലി’ എന്ന റിയാലിറ്റി ഫാമിലി ഷോ സംഘടിപ്പിക്കുന്നത്.
ഓസ്ട്രേലിയയിലും നാട്ടിലും മലയാളി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, നാട്ടിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ ഉൾപ്പെടെ ഓസ്ട്രേലിയയിലെ വിവിധ കാഴ്ചകളും ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകള്‍, തൊഴില്‍ വിശേഷങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍, വിദേശ രാജ്യങ്ങളിലെ വീട്ടു പാചകം തുടങ്ങി ഏതുവിഷയങ്ങളിലും ഒരു തുറന്ന സംവാദമാണ് ഫാമിലി ഷോയുടെ ഉള്ളടക്കം. പ്രതീക്ഷകളും പ്രതിസന്ധികളും മാത്രമല്ല കുടുംബാംഗങ്ങളുടെ പെരുമാറ്റം, സ്വഭാവം, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചും തുറന്ന ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകും. ഓരോ വിഷയങ്ങളും കുടുംബ പശ്ചാത്തലത്തില്‍ തന്നെ അവതരിപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ മത്സരങ്ങളും ഉണ്ടാകും.
ഓസ്‌ട്രേലിയന്‍ മലയാളി കലാകാരന്മാര്‍ക്ക് ഒരു കുടക്കീഴില്‍ അണിനിരക്കാനും അവരുടെ മികവുകള്‍ക്ക് പ്രകാശനം നല്‍കാനും മള്‍ട്ടിനാഷണല്‍ കള്‍ച്ചറല്‍ പരിപാടികള്‍ അവതരിപ്പിക്കാനും അതു വഴി പുതിയൊരു മലയാള ചലച്ചിത്ര കലാ സംസ്‌കാരവും കലാരംഗത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാരംഭിച്ച റിയാലിറ്റി ഫാമിലി ഷോയിലൂടെ വിവിധ ഭാഷാ സമൂഹങ്ങളില്‍, സംസ്‌കാരങ്ങളില്‍ അഭിരമിക്കാന്‍ നിര്‍ബന്ധിതരായി തീരുന്ന മലയാളികളില്‍ അവരുടെ മാതൃദേശത്തെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും നാടിന്റെ ഹരിത വിശാലമായ സാംസ്‌കാരിക സങ്കല്‍പ്പങ്ങളെക്കുറിച്ചും ഒരു പുനര്‍വിചാരത്തിന് വഴിതെളിക്കാനുള്ള ശ്രമത്തിലാണ് ജോയ് കെ.മാത്യു.
മത്സരത്തിന്റെ പ്രത്യേകതകള്‍: മത്സരത്തിനായി പങ്കെടുക്കുന്ന ഓരോ കുടുംബങ്ങളും മികച്ച രീതിയില്‍ പരിപാടി അവതരിപ്പിക്കണം. മലയാള ചലച്ചിത്ര നാടക സംഗീത വിദ്യാഭ്യാസ കലാ രാഷ്ട്രീയ നിയമ മാധ്യമ രംഗത്തെ പ്രമുഖര്‍ അടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തീരുമാനിക്കുന്നത് . മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഓസ്‌ട്രേലിയയിൽ ചിത്രീകരിക്കുന്ന റിയല്‍ ജേര്‍ണി എന്ന മലയാള സിനിമയില്‍ അഭിനയിക്കാൻ അവസരവും നല്‍കും.അതിന് പുറമേ സോഷ്യല്‍ മീഡിയയിലൂടെയും തിരഞ്ഞെടുക്കുന്നവര്‍ക്കും പ്രത്യേകം സമ്മാനം നല്‍കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കി ആദരിക്കും.കൂടാതെ സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്ന മത്സരത്തിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 20 ആണ് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : [email protected]