മണിയറയിലെ അശോകൻ: ആദ്യ പകുതി മനോഹരം
സുഗില്‍ എസ് ജി
മണിയറയിലെ അശോകൻ (2020). ആദ്യം തന്നെ എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ. തിരുവോണ ദിനത്തിൽ direct ott റിലീസ് ചെയ്ത മലയാളം ചിത്രമാണ് “മണിയറയിലെ അശോകൻ”. ദുൽഖർ സൽമാൻ വേഫറെർ ഫിലിംസിന്റെ ബാനറിൽ ചിത്രത്തിലെ നായകൻ കൂടിയായ ഗ്രിഗറിയും ചേർന്ന് നിർമിച്ച ചിത്രം ഇന്ന് netflixലൂടെയാണ് പുറത്തിറങ്ങിയത്. ഷംസു സൈബ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഏതായാലും ദുൽഖറിന്റെ ആദ്യ നിർമാണ സംരംഭം OTTക്ക് വിട്ട തീരുമാനം തെറ്റിയില്ല എന്ന് കൂടി പറഞ്ഞു കൊണ്ട് റിവ്യൂയിലേക്ക് കടക്കാം.ചിത്രത്തിലെ കഥയിലേക്ക് വന്നാൽ പച്ചപ്പും ഹരിതാഭയും നിറഞ്ഞ മനോഹരമായ വയിലത്താണി ഗ്രാമത്താണ് കഥ നടക്കുന്നത്. അവിടെ സർക്കാർ ഓഫിസിലെ ക്ലാർക്ക് ആണ് നായകൻ അശോകൻ.
തന്റെ പ്രായത്തിൽ ഉള്ള പലരുടെയും കല്യാണം നടക്കുമ്പോഴും തന്റെ കല്യാണം നടക്കാത്തതിൽ അശോകന് അതിയായ വിഷമം ഉണ്ട്. മണിയറ സ്വപ്നം കാണുന്ന അശോകന് അപ്പോഴും സുഹൃത്തുക്കളും അച്ഛനും അമ്മയും ഒക്കെ ആണ് ജീവിതത്തിലെ സന്തോഷം. എന്നാൽ അശോകനെ ഇഷ്ടപ്പെടാനും ആ നാട്ടിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു.
തുറന്നു പറയാത്ത ഇഷ്ടം അശോകൻ അറിയുകയും അവരുടെ പ്രണയത്തിന് അവിടെ തുടക്കം കുറിക്കുകയും ചെയ്യുന്നു. അശോകന് വേണ്ടി എന്തും സഹിക്കാൻ അവൾ തയ്യാറായിരുന്നു. കാര്യങ്ങൾ നന്നായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി ഒരു കര്യം നടക്കുകയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
വളരെ ചെറിയൊരു കഥ. അതുകൊണ്ടു തന്നെ രണ്ടു മണിക്കൂർ തികച്ചു ദൈർഘ്യം ഇല്ല. മനോഹരമായ ആദ്യ പകുതി. അശോകന്റെ ജീവിതത്തിലൂടെ പ്രേക്ഷകരും ഒരു ഒഴുക്കിൽ അങ്ങ് പോകുന്നു. എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ അത്ര രസത്തിലല്ല മുന്നോട്ടു പോകുന്നത്. അനാവശ്യമായ വലിച്ചു നീട്ടലുകൾ രണ്ടാം പകുതിയുടെ രസം കൊല്ലിയാകുന്നുണ്ട്.
ആദ്യ പകുതി പ്രണയവും സൗഹൃദവും ഒക്കെ പറഞ്ഞു മനോഹരായ ഗാനങ്ങളുമായി മികച്ചു നിന്നപ്പോൾ രണ്ടാം പകുതി വലിച്ചു നീട്ടലിന്റെ കൂടെ അനാവശ്യമായ പാട്ടുകൾ കുത്തി നിറച്ചും താഴേക്ക് പോയി. ഒരുപക്ഷെ നല്ലരീതിയിൽ ഒന്ന് കത്രിക വെച്ചിരുന്നേൽ ഏകദേശം ഒന്നര മണിക്കൂറിൽ ഒതുക്കാവുന്ന ഒരു കഥയായിരുന്നു അശോകന്റേത്.
വായിച്ചോ?: സൈജു ശ്രീധരന്‍ എന്ന എഡിറ്റര്‍ മലയാളിക്ക് അപരിചിതനോ?
തിരക്കഥയുടെ പോരായ്മ നന്നായി മുഴച്ചു നിൽക്കുന്നുണ്ട് എന്ന് തന്നെ പറയാം. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകം തീരെ കുറവാണ്. എങ്കിലും ചിത്രത്തിന്റെ അവസാന 10 മിനിറ്റുകൾ ഒരു ഫീൽ ഗുഡ് മൂവി ആയി പോകുമ്പോൾ ചിത്രത്തിന്റെ തുടക്കത്തിൽ പ്രേക്ഷകരുടെ മുഖത്തുണ്ടായിരുന്നു ഒരു പുഞ്ചിരി തിരികെ എത്തിയേക്കും. അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ട ഘടകം തന്നെയാണ്.
ജേക്കബ് ഗ്രിഗറി മണിയറ സ്വപ്നം കാണുന്ന സർക്കാർ ജോലിക്കാരനായ അശോകൻ എന്ന നായക കഥാപാത്രത്തെ വളരെ മനോഹരമാക്കിയിട്ടുണ്ട്. കൃഷ്ണ ശങ്കർ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ശ്രീലക്ഷ്മി തുടങ്ങിയവർ മികച്ച പ്രകടനങ്ങൾ ആണ് കാഴ്ചവെച്ചത്. അധിക സമയങ്ങൾ ഇല്ലെങ്കിലും അനുപമ പരമേശ്വരനും, സണ്ണി വെയിനും, അനു സിത്താരയും, ശ്രിത ശിവദാസും കുഞ്ചനും ദുൽഖരും ഒക്കെ അവരവരുടേതായ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.
അവസാന ഗസ്റ്റ് റോൾ തുടക്കത്തിലേ പലർക്കും പിടികിട്ടും, അതുകൊണ്ടു അത് സസ്പെൻസ് നിർത്തുന്ന കഥാപാത്രമായി തോന്നിയില്ല. അനു സിത്താര, ദുൽഖർ തുടങ്ങിയ ചിലരുടെ ഗസ്റ്റ് റോളുകൾ ആവശ്യമായിരുന്നോ എന്നും ചിന്തിക്കേണ്ടതാണ്. ഗസ്റ്റ് റോളുകളിൽ സണ്ണി വെയിനിന്റേത് മികച്ചു നിന്നിട്ടുണ്ട്.
പാട്ടുകൾ തുടക്കത്തിൽ ചിത്രത്തിന് വലിയ മുതൽക്കൂട്ട് ആയിരുന്നെങ്കിലും രണ്ടാം ഭാഗത്തെത്തുമ്പോൾ പാട്ടുകൾ തന്നെയാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നതും. അനാവശ്യമായ പാട്ടുകൾ നന്നായി അലോസരപ്പെടുത്തുന്നു. ബി ജി എം ചിത്രത്തിൻറെ പ്ലസ് പോയിന്റ് തന്നെയാണ്.
ഓരോ രംഗങ്ങളെയും കൂടുതൽ മനോഹരമാക്കുന്നതിലും പലപ്പോഴും തിരക്കഥയെ അൽപ്പം പിടിച്ചു നിർത്തുന്നതും ബിജിഎംകൾ തന്നെയാണ്. DOPയും ചിത്രത്തിന്റെ പോസിറ്റീവ് ആണ്. വയലത്താണി എന്ന ഗ്രാമത്തെ ഇത്ര മനോഹരമായി സ്‌ക്രീനിൽ എത്തിക്കാൻ ഛായാഗ്രാഹകന് സാധിച്ചു.
ആദ്യം മുതൽ അവസാനം വരെയും മനോഹരമായ ഫ്രയിമുകൾ കൊണ്ട് ചിത്രത്തിൻറെ ഭംഗി കൂട്ടുന്നതിൽ ചെറുതല്ലാത്ത പങ്ക് DOP വഹിക്കുന്നുണ്ട്. അവസാനത്തെ നിർമാതാവിന്റെ വക സാരോപദേശം അത്രക്ക് അങ്ങ് പലർക്കും ദഹിച്ചേക്കില്ല എങ്കിലും നല്ലൊരു ക്ലൈമാക്സ് നൽകാൻ ചിത്രത്തിന് സാധിച്ചു.
മൊത്തത്തിൽ മണിയറയിലെ അശോകൻ കണ്ടിരിക്കേണ്ട മികച്ച ചിത്രം ഒന്നും അല്ല. എന്നാൽ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം തന്നെയാണ്. അശോകനും അശോകന്റെ മണിയറയും ഭാര്യമാരും കാമുകിയും സുഹൃത്തുക്കളും വയലത്താണിയിലെ കുറച്ചു നാട്ടുകാരും ഒക്കെ ചേർന്ന ഒരു കൊച്ചു മനോഹര ചിത്രം. ചുരുക്കി പറഞ്ഞാൽ ഒരുവട്ടം കണ്ടു മറക്കാവുന്ന ഒരു ചിത്രം.
തുടക്കത്തിൽ പറഞ്ഞത്‌പോലെ ദുല്ഖറിന്ററെ ആദ്യ നിർമാണ സംരഭം OTTക്ക് വിട്ട തീരുമാനം തെറ്റിയില്ല, തിയേറ്റർ റിലീസിന് എത്തിയാൽ എത്ര മാത്രം സ്വീകാര്യത ചിത്രത്തിൽ ലഭിക്കും എന്നതിൽ സംശയമാണ്.
Rating: 7.5/10
- Design