Mocifi.com
Art is not a luxury, but a necessity.

അയ്യപ്പന്‍ നമ്മളിലൊരാള്‍; കോശിയോ?

അന്നലക്ഷ്മി

നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്ത അയപ്പനും കോശിയും സിനിമയില്‍ ബിജു മോനോന്റെ അയ്യപ്പന്‍ നായര്‍ക്കൊപ്പം നില്‍ക്കണോ അതോ പൃഥ്വി രാജിന്റെ കോശി കുര്യനൊപ്പം നില്‍ക്കണോയെന്ന സംശയം പ്രേക്ഷകനെ തുടക്കം മുതല്‍ ഒടുക്കം വരെ പിന്തുടരും. ആരാണ് നായകന്‍, വില്ലന്‍ ആരാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ഇരുവരിലും നായകനിസവും വില്ലനിസവും സന്നിവേശിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.

സച്ചിയുടെ അനാര്‍ക്കലിയില്‍ ബിജു മേനോനും പൃഥ്വിയും മത്സരിച്ച് അഭിനയിച്ചിട്ടുള്ളത് പോലെ അയ്യപ്പനും കോശിയും അഥവാ എകെയിലും ഇരുവരും മികച്ച കെമിസ്ട്രിയോടെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.

ധാരാളം വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ ബിജു മേനോനെ വില്ലനായി കാണാന്‍ സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് എളുപ്പമാണ്. പ്രത്യേകിച്ച് മറുവശത്ത് നായകനായി പൃഥ്വി രാജിനെ പോലൊരാള്‍ ഉള്ളപ്പോള്‍.

അധികാര സ്ഥാനത്തിരിക്കുന്നവരുമായുള്ള അടുപ്പവും സ്വാധീനവും കൈയിലെ പണവും ഉപയോഗിച്ച് ചെറിയൊരു വിഭാഗം ആളുകള്‍ മഹാഭൂരിപക്ഷം പേരുടെ മേല്‍ കുതിര കയറുന്നു. അതിന് ഇരയാകുന്നവരില്‍ പ്രതികരണശേഷി കൂടിയവരെ നിയമം കൈയിലെടുക്കാന്‍ പ്രേരിപ്പിക്കും. കോശി കുര്യന്‍ ഇതില്‍ ആദ്യ വിഭാഗത്തില്‍പ്പെടുമ്പോള്‍ രണ്ടാമത്തെ വിഭാഗത്തില്‍ അയ്യപ്പന്‍ നായരും വരും. ആണത്വത്തിന്റെ പോരാട്ടമായി വിശേഷിപ്പിക്കാമെങ്കിലും സിനിമ പ്രതിനിധീകരിക്കുന്നത് സമൂഹത്തിലെ ഒരു ശതമാനവും 99 ശതമാനവും തമ്മിലെ സംഘര്‍ഷങ്ങളാണ്.

അയ്യപ്പന്‍ നായര്‍ക്കും ഭാര്യയായ കണ്ണമ്മയെന്ന ആദിവാസി സ്ത്രീക്കുമൊപ്പമാണ് കഥ നടക്കുന്ന അട്ടപ്പാടിയിലെ ജനത. ഇരുവരോടും ആ ജനതയ്ക്കുള്ള കടപ്പാട് ചില്ലറയൊന്നുമല്ല. ആദിവാസികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന കണ്ണമ്മയെ വളരെയെളുപ്പത്തില്‍ നക്‌സലൈറ്റാക്കി മാറ്റുന്നുമുണ്ട്, അധികാരവും പണവും സ്വാധീനവും ചേര്‍ന്ന്. കണ്ണമ്മയെ സംബന്ധിച്ച് ഭര്‍ത്താവിന്റെ എതിരാളിയായ കോശി ബൂര്‍ഷ്വാ പ്രതിനിധിയാണ്.

അയ്യപ്പനും കോശിയും ക്രമസമാധാന പ്രശ്‌നമായി മാറുമ്പോഴും പൊലീസിലെ അധികാര ശ്രേണിയിലെ താഴെത്തട്ടിലെ സിപിഒമാര്‍ അയ്യപ്പനൊപ്പം നില്‍ക്കുന്നുണ്ട്. എസ് ഐയാകട്ടെ മനസ്സ് കൊണ്ട് അയപ്പനൊപ്പമാണെങ്കിലും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഇടയ്ക്ക് ചാഞ്ചാട്ടം ഉണ്ടാക്കുന്നുണ്ട്.

റിട്ടയേര്‍ഡ് ഹല്‍വീദാറായ കോശി കുര്യനും അട്ടപ്പാടിയിലെ എസ് ഐയായ അയ്യപ്പന്‍ നായരും രാത്രിയിലെ പൊലീസിന്റെ ഒരു വാഹന പരിശോധനയില്‍ കൊരുക്കുന്നു. കോശിയുടെ പ്രബലരായ സുഹൃത്തുക്കളെക്കുറിച്ച് മനസ്സിലാകുമ്പോള്‍ അയ്യപ്പന്‍ മനുഷ്യത്വം കാണിക്കുന്നതും അത് അദ്ദേഹത്തിന് വിനയായി മാറുന്നതും കഥാഗതിയെ വഴിതിരിച്ച് വിടുന്നു. സ്ഥാനമാനങ്ങളും പണവും പ്രതാപവും നല്‍കുന്ന പ്രിവിലേജുകള്‍ കോശി ജീവിതത്തില്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. അതൊന്നുമില്ലാത്ത അയ്യപ്പന്‍ പൊരുതുന്നു. ആ പോരാട്ടത്തിനൊപ്പമാണ് പ്രേക്ഷകര്‍ നില്‍ക്കേണ്ടത്.

വായിച്ചോ.കോമില്‍ പ്രസിദ്ധീകരിച്ചത്‌

Leave A Reply

Your email address will not be published.